എന്‍റമ്മേ …ഈ ഫാറ്റി ഹൈലം!!! 

ഉഷയുടെ പേര് വിളിച്ചു. ഉഷയും ഭര്‍ത്താവും ഒ.പി. കണ്‍സള്‍ട്ടിംഗ് റൂമിലേക്ക് വേഗം കയറി. രണ്ടുപേരുടെ മുഖത്തും വിഷാദം തളംകെട്ടി നിന്നിരുന്നു.

” ഉഷേ എന്തു പറ്റി ? ” ഞാന്‍ ചോദിച്ചു.

ഉഷേടെ മുഖം സങ്കടം കൊണ്ടു വലിഞ്ഞു മുറുകി. കൈയില്‍ പിടിച്ചിരുന്ന സ്ക്കാന്‍ റിപ്പോര്‍ട്ടിലേക്കു നോക്കി.

“ഞാനിനി എന്തു ചെയ്യും ഈ ഫാറ്റൊക്കെ മാറ്റാന്‍? ” ദേഷ്യവും സങ്കടവും കലര്‍ന്ന വാക്കുകള്‍.

” നിങ്ങളിരിക്കൂ…

ഏതു ഫാറ്റിന്‍റെ കാര്യമാ ഉഷ പറയുന്നത്? ”

“മാഡം ഇതു വായിച്ചില്ലേ? ലിംഫ് ഗ്ലാന്‍സ് വിത്ത് ഫാറ്റി ഹൈലം. ഈ ഫാറ്റിന്‍റെ കാര്യമാ ഞാന്‍ പറയുന്നത്. ”

ഞാന്‍ പെട്ടെന്ന് പൊട്ടിച്ചിരിച്ചു പോയി.

“അയ്യോ ഉഷേ അത് നോര്‍മലായ ഒരു ലിംഫ് നോഡിനെക്കുറിച്ചുള്ള റേഡിയോളജിസ്റ്റിന്‍റെ ( സ്ക്കാന്‍ ചെയ്യുന്ന ഡോക്ടര്‍) വര്‍ണനയാണ്.”

എന്നിട്ടും ഉഷയുടെ മുഖം വിടരുന്നില്ല, വിശ്വാസം വരുന്നില്ല. ഞാനൊരു ഉദാഹരണം പറയാന്‍ ശ്രമിച്ചു.

ഉഷേ, ഉഷേടെ ഒരു കൂട്ടുകാരി ചന്തയില്‍ പോയി വന്നിട്ടു പറഞ്ഞു, അവിടെ നല്ല മത്തങ്ങയുണ്ടായിരുന്നു, കൊണ്ടു നടക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടു ഞാന്‍ വാങ്ങിയില്ല എന്ന്.
ഉഷ അപ്പോള്‍ പറയുന്നു, കുറച്ചു മുന്‍പു ഞാനും കടയില്‍ പോയിരുന്നല്ലോ. മത്തങ്ങ ഞാന്‍ നോക്കി നടക്കുക കൂടി ചെയ്തു. പക്ഷേ അവിടെയെങ്ങും കണ്ടില്ല. നീ കണ്ടതു കുമ്പളങ്ങയായിരിക്കും.

അപ്പോള്‍ ഉഷേടെ കൂട്ടുകാരി എന്താ ചെയ്യുക. മത്തങ്ങാ വര്‍ണിക്കാന്‍ തുടങ്ങും. വൃത്താകൃതിയില്‍ വയറു ചാടിയ പോലെ പാര്‍ശ്വ ഭാഗങ്ങള്‍. പച്ച കലര്‍ന്ന സ്വര്‍ണക്കളറാണ്. മുകളില്‍ ഒരു കുഴിയില്‍ മുകുളം പോലെ കാണാം. അടിഭാഗം പരന്നിട്ടാണ്.

ഇതു പോലാണ് ഡോക്ടര്‍മാരും. ആദ്യം വിവരണം. പിന്നെ അത് നോര്‍മലാണോ അല്ലയോ എന്ന്. റേഡിയോളജിസ്റ്റുകളും പതോളജിസ്റ്റുകളും അവരുടെ വിഭാഗത്തില്‍ സ്പെഷലൈസ് ചെയ്തിരിക്കുന്നതു കൊണ്ട് അവസാനമായി അവരുടെ അഭിപ്രായം എഴുതിയിരിക്കുന്നതാണ് ക്ളിനിഷ്യന്മാര്‍ ( രോഗികളെ നേരിട്ടു ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍) മിക്കവാറും നോക്കുന്നത്. ഇപ്പോഴൊക്കെ ആള്‍ക്കാര്‍ സ്ക്കാനിംഗ് റിപ്പോര്‍ട്ടോ പതോളജി റിപ്പോര്‍ട്ടോ കൈയില്‍ കിട്ടിയാലുടന്‍ വായന തുടങ്ങും. എന്നിട്ട് അതിനെക്കുറിച്ച് ചോദിക്കാന്‍ തുടങ്ങും. വേറൊരു വിഭാഗത്തിലുള്ള ഡോക്ടര്‍മാര്‍ക്കു പോലും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള (മനസ്സിലാക്കേണ്ട ആവശ്യവുമില്ല.) അവരെങ്ങനെ അതു നോര്‍മ്മലാണോ അല്ലയോ എന്നതിലെത്തി എന്നുള്ള വിവരണമായിരിക്കും റിപ്പോര്‍ട്ടിലുള്ളത്. പല ഡോക്ടര്‍മാരുടെ അഭിപ്രായ സമന്വയത്തില്‍ക്കൂടിയാണല്ലോ രോഗ നിര്‍ണയവും ചികിത്സയും നിശ്ചയിക്കപ്പെടുന്നത്.
കവികളും എഴുത്തുകാരുമൊക്കെ വര്‍ണിക്കാറുണ്ടല്ലോ,വ്യത്യാസം ഡോക്ടര്‍മാര്‍ യാഥാര്‍ത്ഥ്യം നോക്കി പറയുന്നു, എഴുത്തുകാര്‍ ഭാവനയില്‍ നിന്ന് പൊടിപ്പും തൊങ്ങലും ചേര്‍ക്കുന്നു.

കഴിഞ്ഞ ആഴ്ചയിലും ഇതേ അനുഭവം ഉണ്ടായി. 30-35 വയസ്സുള്ള ഭാര്യയും ഭര്‍ത്താവും ഭാര്യയുടെ ബ്രസ്റ്റ് സ്ക്കാനിംഗ് റിപ്പോര്‍ട്ടുമായി വന്നു. പരിശോധിച്ചു, സ്ക്കാന്‍ റിപ്പോര്‍ട്ടും നോക്കി. എല്ലാം നോര്‍മ്മലാണെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ഭര്‍ത്താവ്- ഡോക്ടറെ കക്ഷത്തില്‍ കലകളുണ്ടെന്ന് പറയുന്നുണ്ടല്ലോ. ഫാറ്റിഹൈലവുമാണല്ലോ. ഇത്രേം ഫാറ്റിരുന്നാല്‍ കുഴപ്പമൊന്നുമില്ലേ?

നേരത്തേ കേട്ടിട്ടുള്ളതിനാല്‍ ഇപ്രാവശ്യം എനിക്കു ചിരിപൊട്ടിയില്ല. ഞാന്‍ വീണ്ടും വിശദീകരിച്ചു.

നമ്മുടെ ശരീരത്തില്‍ പലഭാഗത്തും ലിംഫ് നോഡുകളുണ്ട് ( Lymph Nodes – കഴലകള്‍). അതൊക്കെ വളരെ നോര്‍മ്മലാണ് എന്നു പറയുന്നതിനാണ് ഫാറ്റി ഹൈലം ഉണ്ടെന്നു പറയുന്നത്. ഫാറ്റി ഇല്ലെങ്കിലാണ് കുഴപ്പം.

ഒരു ലിംഫ് ഗ്രന്ഥിയുടെ ഘടന നോക്കാം. കിഡ്നിയുടെ അല്ലെങ്കില്‍ പയറിന്‍റെ ഷെയ്പ്പാണ്. പുറം ഭാഗത്തിന് Cortex എന്നും ഉള്‍ഭാഗത്തിന് Medulla എന്നും പറയുന്നു. രക്തക്കൂഴലുകളുകളും സ്രവക്കുഴലുകളും ( ലിംഫ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന കുഴല്‍) കഴലകളിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്ഥലമാണ് ഹൈലം എന്നറിയപ്പെടുന്നത്.
കഴുത്തിന്‍റെ വശങ്ങള്‍, കക്ഷം, ഇടയിടുക്ക്, വയറിന്‍റെ മദ്ധ്യഭാഗം തുടങ്ങിയിടങ്ങളിലാണ് ലിംഫ് ഗ്ലാന്‍ഡുകള്‍ കൂട്ടമായി കാണപ്പെടുന്നത്. പ്രധാന രക്തധമനികള്‍ക്കു ചുറ്റുമാണ് ലിംഫ് നോഡുകള്‍ സ്ഥിതി ചെയ്യുന്നത്.

സ്തനത്തില്‍ നിന്നും കൈയില്‍ നിന്നും ലിംഫ് വരുന്നത് കക്ഷത്തിലെ കഴലകളിലേക്കാണ്. കാലില്‍ നിന്ന് ഇടയിടുക്കിലേക്കും. വായ, തൊണ്ട, ശ്വാസ നാളം, അന്ന നാളം എന്നിവയില്‍ നിന്നെല്ലാം സ്രവം എത്തുന്നത് കഴുത്തിലെ കലകളിലേക്കാണ്. വയറിനടുത്തുള്ള അവയവങ്ങള്‍ അതതുപ്രദേശത്തെ രക്തധമനിയോടടുത്തുള്ള ലിംഫ് നോഡിലേക്ക് സ്രവം ഒഴുക്കുന്നു. ശരീരാവയവങ്ങളിലുണ്ടാകുന്ന കാന്‍സറുകളില്‍ നിന്നുള്ള കാന്‍സര്‍ കോശങ്ങള്‍ അങ്ങനെ സ്രവത്തില്‍ക്കൂടെ ലിംഫ് ഗ്ലാന്‍ഡുകളിലെത്തും.

കാന്‍സര്‍ പ്രതിരോധത്തിനുള്ള ഒരു പ്രധാന കാര്യമാണ് പ്രാരംഭ ഘട്ടത്തിലേ കണ്ടു പിടിക്കുക എന്നുള്ളത്. പ്രാരംഭ ഘട്ടം എന്നുദ്ദേശിക്കുന്നത് കാന്‍സറിന്‍റെ പൂര്‍വഘട്ടമോ (Precancerous Stage) കാന്‍സര്‍ കോശങ്ങള്‍ ലിംഫ് നോഡിലേക്ക് വരുന്നതിനു മുന്‍പുള്ള ഘട്ടമോ ആണ്. അതുകൊണ്ടാണ് സ്ക്കാനിംഗില്‍ ലിംഫ് നോഡുകളുടെ പരിശോധന പ്രാധാന്യമര്‍ഹിക്കുന്നത്. ലിംഫ് നോഡുകള്‍ നോര്‍മ്മലാണെങ്കില്‍ കാന്‍സര്‍ മറ്റു ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യത കുറയുമെന്നര്‍ത്ഥം.

വേറൊരു പ്രശ്നം കൂടി ഉഷയുടെ കാര്യത്തില്‍ സംഭവിച്ചു. ആവശ്യമില്ലാത്ത കാര്യങ്ങള്‍ വായിച്ച് ഉഷ സമയം കളഞ്ഞു; പറയേണ്ടിയിരുന്ന കാര്യമൊട്ടു പറഞ്ഞതുമില്ല.

മുലഞെട്ടിനുണ്ടായിരുന്ന ചൊറിച്ചില്‍ നിസ്സാരമായിക്കണ്ട് ഉഷയുടെ പരിധിയില്‍ വരാത്ത അഥവാ ഡോക്ടറിന്‍റെ പരിധിയില്‍ വരുന്ന സ്ക്കാന്‍ റിപ്പോര്‍ട്ടിന്‍റെയും ഫാറ്റി ഹൈലത്തിന്‍റെയും കാര്യമോര്‍ത്ത് അകാരണമായി വിഷമിച്ചു. രണ്ടുമാസം കഴിഞ്ഞ് തുടര്‍ പരിശോധനയ്ക്ക് വന്നപ്പോഴേക്കും പേജന്‍റ് ഡിസീസ് എന്ന ഓമനപ്പേരുള്ള മുല ഞെട്ടിലെ കാന്‍സര്‍ കുറച്ചധികം വ്യാപിച്ചിരുന്നു.

റിപ്പോര്‍ട്ടുകള്‍ അക്ഷരംപ്രതി മനസിലാക്കണമെന്ന വാശിയില്‍ ഗുഗിളിന്‍റേയും മറ്റും പുറകേ പോകാതെ അവനവന്‍റെ വിഷമതകളും അസ്വസ്ഥതകളും ലക്ഷണങ്ങളുമൊക്കെ കൃത്യമായി ഡോക്ടറെ അറിയിച്ചാല്‍ രോഗിക്കും ഡോക്ടര്‍ക്കും അതൊരുപോലെ ഉപകാരപ്രദമായിരിക്കും.

( ഇതിലെ പേരുകള്‍ യഥാര്‍ത്ഥമല്ല.)

latest blogs

about

DR Chitrathara K

HOD & Senior Consultant in Surgical & Gynaec Oncology. VPS Lakeshore Kochi
Specialized in gynecological, urological, and breast cancer surgeries.

  • Actively participated in the development of surgical oncology as a separate speciality in Kerala
  •  First lady Urologist of Kerala.
  • Started Kerala's first Gynaecological Cancer Surgery unit at Regional Cancer Centre, Thiruvananthapuram in 1993 & urological oncology in 2009.
  • Authored malayalam book “ Sthreekalile Arbudam-Ariyendathellam” published in 2014 by DC books
  • Editor of the following books - Ovarian Cancer (2008), Cervical cancer (2010) and Uterine Cancer (2015).

know MORE