കാന്‍സറിനെ തോല്പിച്ച ലീലാ മേനോന്‍

(കാന്‍സര്‍ സുഖപ്പെട്ട ശേഷം 28 വര്‍ഷത്തോളം ജീവിച്ചു. 86-ാം വയസില്‍ മരിച്ചത്, വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന്)

” അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ
…. യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ? ”

ജീവിതത്തിന്‍റെ നശ്വരതയെക്കുറിച്ച് ‘വീണപൂവി’ലൂടെ കുമാരനാശാന്‍ എഴുതിയ വരികള്‍.

ഭൂമിയില്‍ ഇന്നു വരെ ആര്‍ക്കും തടുക്കാനാകാത്ത ജീവിത പരിണാമം….പലരും പലപ്പോഴും ഓര്‍ക്കാനാഗ്രഹിക്കാത്ത ഈ കാര്യം കവിഹൃദയത്തിലൂടെ മാലോകരെ മനസിലാക്കിത്തന്ന വരികളാണിത്.

ലീലചേച്ചിയെ അവസാനമായിക്കണ്ടപ്പോള്‍ എന്‍റെ മനസ്സിലേക്കോടിയെത്തിയത് ഈ വരികളാണ്. രാജ്ഞിയാകുക എന്നുള്ളത് വളരെക്കുറച്ചു പേര്‍ക്കു മാത്രമേ സാധിക്കൂ. തന്‍റെ പ്രവര്‍ത്തനമേഖലയില്‍ “രാജ്ഞി കണക്കേ”യാകാന്‍ സാധിച്ചു, ഞാന്‍ ലീലചേച്ചിയെന്നു വിളിക്കുന്ന ശ്രീമതി. ലീലാ മേനോന് എന്ന കാഴ്ചപ്പാടാണ് ആ മേഖലയ്ക്കു പുറത്തുനിന്നു നോക്കുന്ന എനിക്കുള്ളത്.

പ്രത്യേകിച്ച് പറയത്തക്ക ഒരു അസുഖവുമില്ലാതെ… വിശപ്പു കുറഞ്ഞ്… ആഹാരം കുറഞ്ഞ്…കാലക്രമേണ ആഹാരം വേണ്ടാതാകയും ഓര്‍മ്മക്കുറവും സംഭവിച്ച് അന്ത്യകാലത്തേയ്ക്ക് വഴുതി വീഴുന്നു… പിന്നീടുള്ള ആയുസ് ഒരാള്‍ക്ക് കൊടുക്കുന്ന വിദഗ്ദ പരിചരണം അനുസരിച്ചാണ്. വാര്‍ദ്ധക്യസഹജമായ മരണം എന്നിതിനെ വിശേഷിപ്പിക്കുന്നു. ലീലചേച്ചിയുടെ അത്തരമൊരു മരണം വൈദ്യശാസ്ത്രത്തിന് അഭിമാനിക്കാവുന്നതാണെങ്കിലും കാന്‍സറിനു നാണക്കേടുണ്ടാക്കിയോ എന്നെനിക്കൊരു സംശയം ഇല്ലാതില്ല.

ലീലചേച്ചിയെ ഞാന്‍ ആദ്യമായിക്കാണുന്നത് 1990-91ലാണ്. ഞാന്‍ റീജണല്‍ കാന്‍സര്‍ സെന്‍ററില്‍ ജോലിയില്‍ പ്രവേശിച്ചിട്ട് അധിക നാളായിട്ടില്ല. ലീലാ മേനോന്‍ എന്ന പ്രശസ്ത പത്രപ്രവര്‍ത്തകയെക്കുറിച്ച് ഞാനും കേട്ടറിഞ്ഞിരുന്നു. കുറച്ചു ലേഖനങ്ങള്‍ വായിച്ചിരുന്നതായിട്ടാണ് എന്‍റെ ഓര്‍മ്മ. അന്നും ഇന്നും വല്ലപ്പോഴും വീണു കിട്ടുന്ന വീട്ടിലിരിക്കുന്ന ‌ഞായറാഴ്ചകളില്‍ മാത്രമാണ് ലേഖനങ്ങള്‍ വായിക്കാനുള്ള അവസരം കിട്ടുന്നത്. സര്‍ജറി കഴിഞ്ഞ് ലീലചേച്ചിയെ തുടര്‍ ചികിത്സയ്ക്കു വേണ്ടി ആര്‍സിസിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയായിരുന്നു. കീമോ തെറാപ്പി തുടങ്ങാന്‍ വേണ്ടി, സര്‍ജറിയില്‍ നിന്നും പൂര്‍ണമായി ഭേദമായോ എന്നതാണ് അന്നത്തെ ഡയറക്ടര്‍ കൃഷ്ണന്‍ നായര്‍ സാര്‍ എന്നെ ഏല്പിച്ച ദൗത്യം.
ആഴ്ചയില്‍ രണ്ടു പ്രാവശ്യമെങ്കിലും ഞാന്‍ ലീലചേച്ചിയെ സന്ദര്‍ശിച്ചിരുന്നു. അവരുടെ കുലീനതയും സൗന്ദര്യവും പ്രശസ്തിയും എന്നെ ലീലചേച്ചിയുടെ ആരാധികയാക്കി മാറ്റുകയായിരുന്നു. ഞാന്‍ എറണാകുളത്തേക്ക് വന്ന ശേഷമാണ് ഇത്രയധികം അടുപ്പമായതും സ്വന്തം ചേച്ചിയെപ്പോലെയായതും.
എന്‍റെ ആര്‍സിസി സന്ദര്‍ശനങ്ങള്‍ കാന്‍സര്‍ രോഗത്തില്‍ നിന്നും ജീവിതത്തിലേക്ക് മടങ്ങാന്‍ ലീലചേച്ചിയെ ഇത്രമാത്രം സ്വാധീനിച്ചുവെന്നുള്ളത് പിന്നീടുള്ള അഭിമുഖങ്ങളില്‍ നിന്നും പത്ര ലേഖനങ്ങളില്‍ നിന്നുമാണ് ഞാന്‍ മനസ്സിലാക്കിയത്. എന്‍റെ സാരികളെക്കുറിച്ച് ലീലചേച്ചി പലതവണ പരാമര്‍ശിച്ചിട്ടുണ്ട്.

“സാരി…സാരി…ഇതെന്തിനാണ് എപ്പോഴും സാരിയുടെ ഭംഗിയെക്കുറിച്ച് പറയുന്നത്?” പലരേയും അലോരസപ്പെടുത്തിയിട്ടുണ്ട്. ലീലചേച്ചിയുടെ അന്നത്തെ അവസ്ഥയിലേക്കെത്തി നോക്കിയാല്‍ മനസ്സിലാവുന്നതേയുള്ളൂ. പ്രശസ്തിയുടെ പാരമ്യത്തില്‍ നില്‍ക്കുകയാണ്. 1990 ആയപ്പോള്‍ “കാന്‍സര്‍ എന്നാല്‍ മരണം” എന്ന പര്യായത്തില്‍ നിന്നു മാറിത്തുടങ്ങിയെങ്കിലും മെഡിക്കല്‍ കോളജിലെ 13-ാം നമ്പര്‍ വാര്‍ഡു കണ്ടിട്ടുള്ള ആര്‍ക്കും കാന്‍സര്‍ ഭീതിയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ( കാന്‍സര്‍ ചികിത്സയിലെ ഇന്നുവരെ എത്തി നില്‍ക്കുന്ന പുരോഗതി പിന്നീട് വളരെപ്പെട്ടെന്നായിരുന്നു.)
ലീലചേച്ചിക്ക് ടൈപ്പ് -2ല്‍ പെടുന്ന ഗര്‍ഭാശയ കാന്‍സറായിരുന്നു. ടൈപ്പ് -2 ഗര്‍ഭാശയ കാന്‍സറിന്‍റെ ചടുലമായ വളര്‍ച്ചാനിരക്ക്, ടൈപ്പ് -1 ഗര്‍ഭാശയ കാന്‍സറിനെക്കാള്‍ അതിനെ വ്യത്യസ്തമാക്കി മരണ നിരക്കും കൂട്ടുന്നു. കീമോതെറാപ്പി അതിന്‍റെ ചികിത്സയിലേക്കു വന്ന കാലഘട്ടമായിരുന്നു തൊണ്ണൂറുകള്‍. മനം പിരട്ടുന്ന… മനം മടുപ്പിക്കുന്ന ഗന്ധം….കീമോതെറാപ്പിക്കും ചുറ്റുപാടിനും. മെഡിക്കല്‍ കോളജിലെ കാന്‍സര്‍ പേവാര്‍ഡിന്‍റെ ശൂന്യമായ നാലു ചുവരുകള്‍. ജീവിതവും ശൂന്യമായിത്തോന്നുന്ന ആ അവസ്ഥയില്‍ ലീലചേച്ചി പറഞ്ഞത് എന്‍റെ സാരിയെക്കുറിച്ചാണെങ്കിലും മനസ്സിന്‍റെ കണ്ണുകളില്‍ അവര്‍ കണ്ടത് ജീവിതത്തിന്‍റെ സൗന്ദര്യമാണ്; ജീവിതത്തിന്‍റെ ലഹരിയാണ്; തിരിച്ചു വരണമെന്നുള്ള ആഗ്രഹമാണ്. അസുഖത്തിനെ ലീലചേച്ചി ആ മോഹത്തിനു താഴെ നിര്‍ത്തി.
മറവിയില്‍ക്കിടന്ന ലീലചേച്ചിയെക്കാണാന്‍ ഞാനാഗ്രഹിക്കാഞ്ഞത് ലീലചേച്ചിയുടെ ജീവിക്കുന്ന രൂപം മാത്രം എന്‍റെ മനസ്സില്‍ തങ്ങി നില്‍ക്കാന്‍ വേണ്ടിയാണ്. എന്നാല്‍ അദമ്യമായ ഉള്‍പ്രേരണകൊണ്ട് ടൗണ്‍ഹാളില്‍ പോയി ലീലചേച്ചിയുടെ ഭൗതികശരീരത്തില്‍ സ്നേഹാദരവുകള്‍ അര്‍പ്പിച്ചു.
“എന്ത് അസുഖമുണ്ടെങ്കിലും ചിത്രയെപ്പോയിക്കാണാം എന്ന് ചേച്ചി എപ്പോഴും പറഞ്ഞിരുന്നു. അത്ര ഇഷ്ടമായിരുന്നു ചേച്ചിക്ക് ഡോക്ടറെ”. ലീലാമോനോന്‍റെ ദീര്‍ഘ കാലസുഹൃത്തും സാമൂഹിക പ്രവര്‍ത്തകയുമായ ശ്രീമതി. മാലിനി മേനോന്‍ പറഞ്ഞു. അവസാന നാളുകളില്‍ ചേച്ചിയുടെ കൂടെ വന്നിരുന്ന വത്സനും എന്നോടു പറഞ്ഞു “ചേച്ചിക്ക് ഡോക്ടറെ വലിയ ഇഷ്ടമായിരുന്നുവെന്ന്”. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ആ ഇഷ്ടം നഷ്ടമാകാതിരിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

എന്തു പ്രശ്നമുണ്ടെങ്കിലും എന്നെ കാണുകയും കുഴപ്പമില്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. ഇനി “എന്തെങ്കിലും കണ്ടുപിടിച്ചാലോ , ഡോക്ടറെ കാണണ്ട” എന്നല്ല ലീലചേച്ചി ചിന്തിച്ചിട്ടുള്ളത്. വീട്ടില്‍പോയി കാണുമ്പോഴൊക്കെ ഞങ്ങള്‍ ഒരുപാട് നേരം സംസാരിച്ചിരിക്കുമായിരുന്നു. രോഗത്തെക്കുറിച്ചുമാത്രമല്ല, ലോകത്തെക്കുറിച്ചും. നന്മയെ ഉയര്‍ത്തിക്കാട്ടി നല്ലതു ചിന്തിക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കുക എന്ന താല്പര്യം ലീലചേച്ചിയില്‍ വെമ്പി നിന്നിരുന്നു.

കാന്‍സര്‍ വിജയിയായ ലീലാ മേനോന്‍ എന്ന സെലിബ്രിറ്റിയുടെ സാന്നിദ്ധ്യം മിക്ക കാന്‍സര്‍ രോഗ ചര്‍ച്ചകളിലും ഉണ്ടായിരുന്നു. “എന്നെ നോക്കൂ..പേടിക്കേണ്ട രോഗമല്ലിത്…മനസ്സാന്നിദ്ധ്യവും മനോധൈര്യവുമാണ് വേണ്ടത്.”
കാന്‍സര്‍ ചികിത്സയ്ക്കു ശേഷമുള്ള ലീലചേച്ചിയുടെ 28 വര്‍ഷത്തെ ജീവിതം തന്‍റെ കര്‍മ്മമണ്ഡലത്തിലെ ജോലിയിലുപരി, കാന്‍സര്‍ രോഗത്തോടുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാട് മാറ്റാന്‍ സഹായിച്ചു എന്നുള്ളതാണ്. കാന്‍സര്‍ രോഗികള്‍ക്ക് ആശയും സ്വപ്നങ്ങളും കൊടുത്തു. വാര്‍ദ്ധക്യ സഹജമായ അസുഖംകൊണ്ടു മരിച്ചു എന്നു കേള്‍ക്കുന്നതു തന്നെ ‘കാന്‍സര്‍ വന്നാല്‍ കൊണ്ടേ പോകൂ…’ എന്നു ചിന്തിക്കുന്നവരെ മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. കാന്‍സര്‍ വന്നു സുഖമായവര്‍ പലരും രോഗം വന്നിട്ടുണ്ട് എന്നു പറയാന്‍ മടിക്കുന്നവരാണ്. അവരില്‍ നിന്നെല്ലാം വ്യത്യസ്തമായി സമൂഹത്തോടുള്ള തന്‍റെ കടമയും ദൗത്യവും മനസ്സിലാക്കി പ്രവര്‍ത്തിച്ച ലീലചേച്ചിയുടെഓര്‍മ്മയ്ക്കു മുന്‍പില്‍ ഞാന്‍ നമസ്ക്കരിക്കുന്നു, പ്രണാമങ്ങള്‍….

latest blogs

about

DR Chitrathara K

HOD & Senior Consultant in Surgical & Gynaec Oncology. VPS Lakeshore Kochi
Specialized in gynecological, urological, and breast cancer surgeries.

  • Actively participated in the development of surgical oncology as a separate speciality in Kerala
  •  First lady Urologist of Kerala.
  • Started Kerala's first Gynaecological Cancer Surgery unit at Regional Cancer Centre, Thiruvananthapuram in 1993 & urological oncology in 2009.
  • Authored malayalam book “ Sthreekalile Arbudam-Ariyendathellam” published in 2014 by DC books
  • Editor of the following books - Ovarian Cancer (2008), Cervical cancer (2010) and Uterine Cancer (2015).

know MORE