ചിത്ര വര്‍ണങ്ങള്‍-1-ഞാന്‍ ജനിച്ച ഗ്രാമം

ഇന്നത്തെ വറ്റി വരണ്ട മണിമലയാറിന്‍റെ തീരത്ത്, ഇളകിക്കിടക്കുന്ന കല്പടവുകളിലിരുന്ന് ഓര്‍മ്മകളിലൂടെ പിറകോട്ടു നോക്കുകയാണ് ഡോ. ചിത്രതാര… ഒരിക്കലും തിരികെ വരാത്ത കാലത്തിലേക്ക്… നഷ്ട വസന്തങ്ങള്‍… മോഹങ്ങള്‍… മോഹഭംഗങ്ങള്‍….
അവിടെ കൊട്ടുപ്പള്ളില്‍ നായര്‍ തറവാട്ടിലെ ഇളയകുട്ടിയായി
ചിത്തിര നക്ഷത്രത്തില്‍ ജനിച്ചതു മുതല്‍
ഇന്ന് ലോകമറിയുന്ന കാന്‍സര്‍ സര്‍ജനായി മാറിയ കഥ പറയുകയാണ് ഈ പംക്തിയിലൂടെ.
കേരളത്തില്‍ ആദ്യമായി ആര്‍സിസിയില്‍ ഗൈനക്ക് ഓങ്കോ സര്‍ജറി വിഭാഗം
തുടങ്ങിയത് ഡോ. ചിത്രതാരയാണ്.
കേരളത്തിലെ ഏക വനിതാ യൂറോളജിസ്റ്റു കൂടിയാണ് ചിത്രതാര.
കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി കാന്‍സര്‍ രോഗികള്‍ക്കു
താങ്ങും തണലുമായി തിളങ്ങി നില്‍ക്കുന്ന താരകമായ
ഡോക്ടര്‍, താന്‍ പിന്നിട്ട വഴികളിലൂടെ ഒന്നു തിരിഞ്ഞു നടക്കുകയാണ് “ചിത്രവര്‍ണ”ങ്ങളിലൂടെ….
ഇന്നു മുതല്‍ ആരംഭിക്കുന്നു …
“ചിത്രവര്‍ണങ്ങള്‍.”

ഞാന്‍ ജനിച്ച ഗ്രാമം
**************************

വായ്പൂര് എന്നു കേട്ടാല്‍ എന്‍റെ മനസ് വിവിധ വര്‍ണങ്ങളുള്ള പീലിവിടര്‍ത്തിയാടും… ഞാന്‍ ജനിച്ച ഗ്രാമം… നിറയെ പച്ചപ്പും എങ്ങും പൂക്കളും പുഴയുമുള്ള ഗ്രാമം…. വി.ജി. കേശവ പിള്ളയുടെയും കെ.ജി തങ്കമ്മയുടെയും ഇളയ മകളായി ഞാന്‍ ജനിച്ച എന്‍റെ ഗ്രാമം….

റോഡരികില്‍ തന്നെയായിരുന്നു ഞങ്ങളുടെ കൊട്ടുപ്പള്ളില്‍ വീട്. പടിഞ്ഞാട്ടായി വളരെ അടുത്ത് ദേവിയുടെ അമ്പലവും പോസ്റ്റ് ഓഫീസും എന്‍എസ്എസ് ഹൈസ്ക്കൂളും. കിഴക്കോട്ടു പോയാല്‍ 200 മീറ്ററിനുള്ളില്‍ ചന്ത വരും. അതു കഴിഞ്ഞാല്‍ കുളത്തൂരമ്പലം- അതും ദേവിയുടെ തന്നെ. അവിടെ നിന്നും രണ്ടു കിലോ മീറ്റര്‍ കഴിഞ്ഞാല്‍ കോട്ടാങ്ങല്‍ ദേവീ ക്ഷേത്രമായി. പഞ്ചായത്ത് ഓഫീസും അവിടെത്തന്നെ. കുളത്തൂര്‍മൂഴിയില്‍ ശ്രീരാമകൃഷ്ണ ആശ്രമവും ഉണ്ടായിരുന്നു. റോഡ് കടന്നാല്‍ മണിമലയാറായി. ആറിന്‍റെ അക്കര കടന്ന് ഒന്നരക്കിലോമീറ്റര്‍ പോയാല്‍ വായ്പൂര് ശിവക്ഷേത്രത്തിലെത്താം.

എന്തിനാണ് ഞാന്‍ ക്ഷേത്രങ്ങളുടെ കാര്യം ആദ്യംതന്നെ പറഞ്ഞതെന്നുവച്ചാല്‍, പഴയ നായര്‍ കുടുംബങ്ങളിലെ ജീവിതവും സംസ്ക്കാരവും ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതിനാലാണ്.

ഞാന്‍ എല്ലാ ദിവസവും കുളങ്ങരക്കാവ് ദേവീക്ഷേത്രത്തില്‍ കയറി തൊഴുതിട്ടാണ് സ്ക്കൂളില്‍ പോയിരുന്നത്. സ്ക്കൂളും അമ്പലവും ഒരു മുറ്റത്തെന്നതു പോലെയാണ്.

എനിക്ക് നല്ല ഓര്‍മ്മയാകും മുന്‍പ്തന്നെ മൂത്ത ചേച്ചിമാരുടെ കല്യാണം കഴിഞ്ഞിരുന്നു. ശാന്ത ചേച്ചി (ശാന്താ ലക്ഷ്മിയമ്മ), സുനന്ദ ചേച്ചി (സുനന്ദകുമാരിയമ്മ), ഓമന ചേച്ചി ( ഓമനക്കുഞ്ഞമ്മ) എന്നിവരാണ് എന്‍റെ മൂത്ത ചേച്ചിമാര്‍.

മൂത്ത സഹോദരന്‍ മണിച്ചേട്ടന്‍ ( പരേതനായ അയ്യപ്പന്‍ പിള്ള) കോളജില്‍ എത്തിയിരുന്നു. ഞാന്‍ അപ്പര്‍ പ്രൈമറി ആയപ്പോഴേയ്ക്കും മണി ചേച്ചിയും ( ചന്ദ്രമണിയമ്മ) കോട്ടയം ബിസിഎം കോളജല്‍ പ്രീ യൂണിവേഴ്സിറ്റിക്ക് ചേര്‍ന്നിരുന്നു. രാജച്ചേട്ടനും ( രാജാ രേവതീജന്‍ നായര്‍) ഞാനും മൂന്നു ക്ലാസ് വിത്യാസത്തിലായിരുന്നു പഠിച്ചിരുന്നത്.

ചെറുപ്പത്തിലൊക്കെ വീട്ടില്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നതായിട്ടാണ് എന്‍റെ ഓര്‍മ്മ. ചേച്ചിമാരൊക്കെ പ്രസവത്തിനും മറ്റുമായി വീട്ടില്‍ കാണും. മക്കള്‍ക്ക് അവധി കിട്ടുമ്പോള്‍ അവരെല്ലാം എത്തും. സുനന്ദ ചേച്ചിയുടെ ഭര്‍ത്താവ് മണിക്കൊച്ചേട്ടന്‍ (വാസുദേവക്കുറുപ്പ്) കുറെ വര്‍ഷം വായ്പൂര് എന്‍എസ്എസ് സ്ക്കൂളില്‍ അധ്യാപകനായി ജോലി ചെയ്തിരുന്നു. ചേച്ചി എനിക്ക് മുടി ചീകിക്കെട്ടി പൂവു വച്ചുതരുന്നത് ഇപ്പോഴും എന്‍റെ മനസിന്‍റെ ചെപ്പിലെവിടെയോ തങ്ങി നില്‍ക്കുന്ന സുന്ദരമായ ഓര്‍മ്മയാണ് . എന്‍റെ 6-7 ക്ലാസുവരെയുള്ള പഠനകാലത്ത് വീട്ടില്‍ എപ്പോഴും തിരക്കായിരുന്നു.അച്ഛന്‍ പഞ്ചായത്തു പ്രസിഡന്‍റായിരുന്നതാണിതിനു കാരണം.

വീടിനു ചുറ്റും മൂന്നര ഏക്കറോളം സ്ഥലം ഉണ്ട്. എന്‍റെ ചെറുപ്പകാലത്ത് അവിടെ കൂടുതലും കാപ്പിയായിരുന്നു. പിന്നെ ഇടയ്ക്കിടെ തെങ്ങും മാവും പ്ലാവുമെല്ലാം നിറയെ ഉണ്ടായിരുന്നു. തോട്ടത്തിനരികിലൂടെ ഒരു തോടുണ്ടായിരുന്നു. അന്ന് ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ജാനകിചേച്ചി പറയുമായിരുന്നു തോട്ടത്തിലിറങ്ങിയവര്‍ക്കൊക്കെ കണ്ണുകെട്ടിപ്പോയിരുന്നുവെന്ന്. നല്ല പരിചയമില്ലെങ്കില്‍ തിരിച്ചു വരാന്‍ പ്രയാസമായിരുന്നു. പടര്‍ന്നു പന്തലിച്ചു കിടക്കുന്ന 2-3 പ്ലാവുകള്‍ ഉണ്ടായിരുന്നു പറമ്പില്‍. ചുറ്റുമുള്ള കാപ്പിച്ചെടികളും കൂടെയാകുമ്പോള്‍ ആ സ്ഥലങ്ങളില്‍ അകത്തോട്ടു സൂര്യപ്രകാശം കടക്കാനും പ്രയാസമായിരുന്നു. ഇന്ന് തോട്ടത്തില്‍ ഇരുള്‍ പരത്തുന്നത് തിങ്ങിനിറഞ്ഞു നില്‍ക്കുന്ന കൊക്കോ മരങ്ങളാണ്.

വീടിനടുത്തുള്ള കിണറു കൂടാതെ തോട്ടത്തിലും ഒരു കിണറുണ്ടായിരുന്നു. കിണറിനടുത്തുള്ള പ്ലാവ്, വരിക്കപ്ലാവ്, തോടിനടുത്തുള്ള പ്ലാവ്, വലിയ പ്ലാവ് തുടങ്ങിയ പേരുകളിലാണ് പ്ലാവുകളെ തിരിച്ചറിഞ്ഞിരുന്നത്. മാവുകളും ഏതാണ്ടിങ്ങനൊക്കെത്തന്നെയാണ് അറിയപ്പെട്ടിരുന്നത്. മഴയുടെ ആരംഭത്തില്‍ ചീറിയടിക്കുന്ന കാറ്റത്തുവീഴുന്ന മാമ്പഴം പെറുക്കാന്‍, വഴിയിലെയും അടുത്ത വീട്ടിലെയും കുട്ടികളോടൊപ്പം ഉടമകളായ ഞങ്ങള്‍ക്കും മത്സരിച്ചോടേണ്ടി വന്നിരുന്നത് ചിരിയോടെ മാത്രമേ ഓര്‍ക്കാന്‍ പറ്റുന്നുള്ളൂ.

നടുക്കുള്ള കുറച്ചു സ്ഥലത്ത് നെല്ലും കപ്പയും മാറി മാറി ഇട്ടിരുന്നു. പച്ചക്കറികളും കപ്പയുമൊക്കെ നടാന്‍ ഞങ്ങള്‍ കുട്ടികളും കൂടിയിരുന്നു. കാപ്പിക്കുരു പറിക്കുന്ന കാലമായാല്‍ ഞാനും പണിക്കാര്‍ക്കൊപ്പം കൂടും. അവധിക്കാലമായാല്‍ മുഴുവന്‍ സമയവും.

ഞങ്ങള്‍ക്ക് പോക്കറ്റ്മണി കിട്ടാനുള്ള ഉറവിടങ്ങളിലൊന്ന് പറങ്കിമാങ്ങയായിരുന്നു. പറങ്കിപ്പഴം പെറുക്കി ഞങ്ങള്‍ പറങ്കിയണ്ടി ഉണക്കി സൂക്ഷിക്കും. വില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് പകുതി വില തരുമായിരുന്നു. അതുപോലെയാണ് കുരുമുളകു പറിച്ചാലും. അത് പകുതിയൊന്നും കിട്ടില്ല, ജോലി ചെയ്യുന്നതിനനുസരിച്ച് കൂലി തരുമായിരുന്നു. അത് മിഠായി, ഐസ്ക്രീം, പെന്‍ -പെന്‍സില്‍, ബ്ലൗസ് എന്നിവ വാങ്ങാനാണ് ചെലവാക്കിയിരുന്നത്.

തോട്ടത്തിന്‍റെ അറ്റത്തായ കിഴക്കുവശത്ത് തോടാണ്. മുന്നിലുള്ള റോഡ് മുറിച്ചുകടന്ന് 10 മീറ്റര്‍ നടന്നാല്‍ മണിമലയാറായി. നേരെ ചെന്നാല്‍ ചിറ്റേട്ടുകടവിലെത്താം. ഒതുക്കു കല്ലുകള്‍ കയറി വലത്തേയ്ക്കു കയറിയാല്‍ മംഗലത്തു വീടായി. അവരുടെ പറമ്പ് റോഡിന്‍റെ അപ്പുറത്തെ വശത്ത് റോഡരികില്‍ വരെ വരുന്നുണ്ട്‌.
മംഗലത്ത് വീടിന്‍റെ മുറ്റത്തുകൂടെ മംഗലത്ത് കടവിലേക്കെത്താന്‍ എളുപ്പമാണ്. മംഗലത്ത് കടവ് പടവുകള്‍ കെട്ടി ഇറങ്ങിക്കുളിക്കാന്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്. 20-25 പടവുകള്‍ കാണും. പടവിന്‍റെ ഇരു വശവും ആറ്റിലേക്ക് കുനിഞ്ഞു കിടക്കുന്ന വൃക്ഷശാഖകള്‍… അവയില്‍ പടര്‍ന്നു കിടക്കുന്ന വള്ളികള്‍… വള്ളികളുടെ ഇടയില്‍ പാമ്പുകളും തൂങ്ങിക്കിടക്കുന്നുണ്ടാവും….

ഒരു പൂവരശ് ആറ്റിനു കുറുകെ ചാഞ്ഞു നിന്നിരുന്നു. ഞങ്ങള്‍ കുട്ടികള്‍ ആറ്റിലേക്ക് ചാടി നീന്തിച്ചെന്ന് പൂവരശില്‍ ചാടിക്കയറി തിരിച്ച് ആറ്റിലേക്ക് ചാടി നീന്തി കടവിലേക്ക് ആദ്യം എത്താന്‍ പരസ്പരം മത്സരിച്ചിരുന്നു. തെളിഞ്ഞ വെള്ളം നിറഞ്ഞു കിടക്കുന്ന പുഴ കളകളാരവത്തോടെ കുണുങ്ങി ഒഴുകുന്നത് എത്ര കണ്ടിരുന്നാലും മതിവരില്ല.

എന്നാല്‍ മഴക്കാലമായിക്കഴിഞ്ഞാല്‍ മദയാനയെപ്പോലെയാണ്. കരകവിഞ്ഞൊഴുകുന്ന കലക്ക വെള്ളം.
വെള്ളപ്പൊക്കം ആകുമ്പോള്‍ തേങ്ങ, ഓലമടല്‍, ചിലപ്പോള്‍ കവുങ്ങ്, തെങ്ങ്, പല വൃക്ഷ ശാഖകള്‍, ആട്, കോഴി, കോഴിക്കൂട് എല്ലാം മഴവെള്ളത്തില്‍ പാഞ്ഞുപോകുന്നത് കാണാം. വേനല്‍ക്കാലമായാല്‍ വെള്ളം കുറയും. നടുക്കു മണല്‍ തെളിയും. മംഗലത്തെയും ചിറ്റേട്ടെ കടവിലെയും വെള്ളവും കുറയും. നടുക്കുള്ള മണലിനപ്പുറത്തായിരിക്കും അത്യാവശ്യം കുളിക്കാനുള്ള വെള്ളം കാണുന്നത്. തീരെ വെള്ളം വറ്റുമ്പോള്‍ കുഴികുഴിച്ച് കുളിക്കേണ്ടതായും വരും.

ചിറ്റേട്ടെ കടവിനു താഴെ കരുമാലിക്കടവാണ്. അവിടെ ഇറങ്ങാന്‍തന്നെ പേടിയായിരുന്നു. കൂടുതല്‍ ആഴമുള്ള സ്ഥലമാണ്. നടുവിനെക്കാള്‍ ആഴം രണ്ടു സൈഡിനുമുണ്ട്. കയം എന്നാണ് പറയുന്നത്. മറ്റുള്ള കടവുകളില്‍ തീരെ വെള്ളം കുറയുമ്പോള്‍ മാത്രമേ കരുമാലിക്കടവില്‍ കുളിക്കാന്‍ പോകുകയുള്ളൂ. അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്, അവിടെ കുറെയധികം ആളുകള്‍ ഒഴുക്കില്‍പ്പെട്ടതായും രണ്ടു മൂന്നു പേര്‍ മരിച്ചിട്ടുള്ളതായും. അന്നൊക്കെ പറഞ്ഞിരുന്നത് അവിടെ ചെകുത്താന്‍ ഉണ്ടെന്നാണ്. പിന്നെ വലുതായപ്പോഴാണ് അടിയൊഴുക്കിന്‍റെ(Under Water Current ) കാര്യം മനസിലായത്. വട്ടത്തില്‍ ചുഴി വന്നിട്ട് ആളിനെ അടിയിലുള്ള പാറക്കെട്ടിലേക്ക് വലിച്ചുകൊണ്ടു പോവുകയാണ് ചെയ്തിരുന്നത്.

latest blogs

about

DR Chitrathara K

HOD & Senior Consultant in Surgical & Gynaec Oncology. VPS Lakeshore Kochi
Specialized in gynecological, urological, and breast cancer surgeries.

  • Actively participated in the development of surgical oncology as a separate speciality in Kerala
  •  First lady Urologist of Kerala.
  • Started Kerala's first Gynaecological Cancer Surgery unit at Regional Cancer Centre, Thiruvananthapuram in 1993 & urological oncology in 2009.
  • Authored malayalam book “ Sthreekalile Arbudam-Ariyendathellam” published in 2014 by DC books
  • Editor of the following books - Ovarian Cancer (2008), Cervical cancer (2010) and Uterine Cancer (2015).

know MORE