ചിത്ര വര്‍ണങ്ങള്‍-2- എന്‍റെ അമ്മ

“ജീവിതമെല്ലാം ഒരു നാടകം പോല്‍
നാമെല്ലാം അതിലെ നടീനടന്മാര്‍ ”

എന്‍റെ അമ്മ ഇടയ്ക്കിടെ ഇങ്ങനെ പറയുമായിരുന്നു. ചിലപ്പോള്‍ ജീവിതാനുഭവങ്ങളാകാം അമ്മയെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചിരുന്നത്. എന്‍റെ അമ്മ – കൊട്ടുപ്പള്ളില്‍ കെ.ജി തങ്കമ്മ, രണ്ട് ആണ്‍മക്കള്‍ക്കു ശേഷം പൊന്നു മോളായി, സമ്പന്നതയുടെ മടിത്തട്ടിലേക്കാണ് പിറന്നു വീണത്.
അമ്മയുടെ അമ്മ പാറുക്കുട്ടിയമ്മ. 150 ഏക്കറോളം സ്ഥലം വായ്പൂര് തന്നെ ഉണ്ടായിരുന്നു. അച്ഛന്‍ അഡ്വ. കൈമള്‍. തിരുവല്ലയില്‍ പ്രാക്ടീസ് ചെയ്തിരുന്ന പേരുകേട്ട വക്കീല്‍. അപ്പൂപ്പന്‍ ചിറ്റേട്ടെ ആശാന്‍. നാട്ടിലെ ആശാനും പ്രമാണിയും. സ്വന്തം അച്ഛന്‍റെ വരവു കുറഞ്ഞു കുറഞ്ഞു വരുന്നതും തീര്‍ത്തും നിന്നതും എന്‍റെ അമ്മയുടെ കുഞ്ഞു മനസ്സില്‍ ക്ഷതം ഏല്പിച്ചിരുന്നിരിക്കാം. പിന്നീട് അമ്മയും അച്ഛനും വേര്‍പിരി‌ഞ്ഞതും പുതിയൊരച്ഛന്‍ വന്നതും അമ്മയ്ക്ക് ഓര്‍മ്മയുണ്ടായിരുന്നു. അപ്പോഴേക്കും അമ്മ കൗമാരപ്രായത്തിലെത്തിയിരുന്നു. ഈ വിഷമങ്ങളൊന്നും അമ്മയുടെ മനസ്സിനെ അലട്ടാതിരിക്കാന്‍ സദാ അപ്പൂപ്പന്‍ കൂടെയുണ്ടായിരുന്നു.

അമ്മയുടെ ഒരമ്മാവന്‍ അഡ്വ. ശങ്കരനാരായണന്‍ അന്ന് കോട്ടയത്തായിരുന്നു പ്രാക്ടീസ് ചെയ്തിരുന്നത്. അവിടെ താമസിച്ചാണ് അമ്മ ബേക്കര്‍ സ്ക്കൂളില്‍ പഠിച്ചത്.

എന്‍റെ അച്ഛന്‍, അമ്മയെ കല്യാണം കഴിക്കുമ്പോള്‍ അമ്മയ്ക്ക് 19 വയസായിരുന്നു. അമ്മയുടെ അച്ഛന്‍ കല്യാണത്തിനു വന്നുവെന്നും അമ്മയ്ക്ക് താലി കൊണ്ടുവന്നെന്നും അമ്മ എന്നും അഭിമാനത്തോടെ പറയുമായിരുന്നു. അതിനു മുന്‍പോ അതു കഴിഞ്ഞോ വീണ്ടുമൊരു തവണ അമ്മയെ, അമ്മയുടെ അച്ഛന് കാണണമെന്നു തോന്നിയിട്ടില്ല. അമ്മ അങ്ങോട്ടു പോയിക്കാണുകയോ ചെയ്തിട്ടില്ല.

അമ്മയ്ക്കും അമ്മയുടെ സഹോദരന്മാര്‍ക്കും മക്കള്‍ പട്ടം ചാര്‍ത്തിക്കിട്ടാന്‍ വേണ്ടി അച്ഛനെതിരേ കോടതിയില്‍ കേസിനു പോകേണ്ടി വന്നതിലുണ്ടായ മാനസിക സംഘര്‍ഷവും നാണക്കേടും വിവരിക്കാന്‍ അമ്മയ്ക്ക് വാക്കുകള്‍ കിട്ടിയിരുന്നില്ല. കോടതി വിധി അനുകൂലമായെങ്കിലും അച്ഛന്‍റെ വസ്തു ഉള്‍പ്പെടെ ഒരൗദാര്യവും ( ഔദാര്യമല്ലെങ്കില്‍ക്കൂടി) സ്വീകരിക്കേണ്ട എന്നായിരു്ന്നു അമ്മയുടെയും സഹോദരങ്ങളുടെയും തീരുമാനം.

അച്ഛനെന്ന ആ അമൂല്യ സ്വത്തിന്‍റെ നഷ്ടം അമ്മ തിരിച്ചറിഞ്ഞിരുന്നു എന്നെനിക്കു തോന്നിയിട്ടുണ്ട്. ഒരു സംഭവം പറയാം. എന്‍റെ അച്ഛന്‍ വളരെ മുന്‍കോപിയായിരുന്നു, എന്നാല്‍ സ്നേഹ സമ്പന്നനും. പുറത്തേയ്ക്ക് പോകുമ്പോള്‍ എപ്പോഴും അടുക്കളയുടെ അടുത്തു വന്ന് അമ്മയോട് പറഞ്ഞിട്ടേ പോകാറുള്ളൂ. ജോലിത്തിരക്കില്‍ അമ്മ ചിലപ്പോള്‍ അതത്ര ശ്രദ്ധിച്ചെന്നു വരികയില്ല. ഒന്നു കൂടി ചോദിച്ചാല്‍ അച്ഛനു ദേഷ്യം വരും. എന്നാല്‍ എത്ര ദേഷ്യപ്പെട്ടു പറഞ്ഞാലും അമ്മ ഒന്നുംതന്നെ മറുത്തു പറയുന്നതു കേള്‍ക്കാറില്ല. അങ്ങനെയുള്ള ഒരു ദിവസം അമ്മ ആത്മഗതമെന്നോണം പറയുന്നതു ഞാന്‍ കേട്ടു “എനിക്കോ അച്ഛനൊത്തു ജീവിക്കാന്‍ പറ്റിയില്ല. എന്‍റെ കുട്ടികള്‍ക്ക് അങ്ങനെ വരാന്‍ ഞാന്‍ കാരണമാവില്ല” എന്ന്.

ഈ സന്ദര്‍ഭങ്ങളിലെ അമ്മയുടെ മാനസിക സംഘര്‍ഷം അയയ്ക്കാന്‍ വേണ്ടി ഞങ്ങള്‍ പറയും “അമ്മ തിരിച്ചു പറഞ്ഞോളൂ…അല്ലെങ്കില്‍ അമ്മ അച്ഛനെ ഡൈവോഴ്സ് ചെയ്തോ…ഞങ്ങള്‍ക്കൊരു സങ്കടവും ഇല്ല.”

അപ്പോള്‍ അമ്മ പറയും “അച്ഛന്‍ പാവമാ…ചിലപ്പോഴുള്ള ഈ മുന്‍ശുണ്ഠിയൊക്കെയേ ഉള്ളൂ….”

അപ്പോള്‍ ഞങ്ങള്‍ ചിരിക്കാന്‍ തുടങ്ങും, “ആഹാ…കണ്ടോ…കണ്ടോ…കള്ളി വെളിച്ചത്തായല്ലോ” അമ്മയും ചിരിയില്‍ പങ്കു ചേരും.

എന്‍റെ അച്ഛന്‍ ചെങ്ങന്നൂര്‍ വഞ്ഞിപ്പോട്ടില്‍ കേശവപിള്ള ജോലിയില്‍ നിന്നു വിരമിച്ച ശേഷം അന്നത്തെ കുടുംബാചാരപ്രകാരം എന്‍റെ അമ്മയ്ക്കു കുടുംബസ്വത്തായി ലഭിച്ച കൊട്ടൂപ്പള്ളില്‍ വീട്ടില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

“അഞ്ചു പെണ്‍കൊളന്തയെന്നാല്‍ അരശനും ആണ്ടിയാകും… അമ്മാ….”
ഞങ്ങള്‍ അഞ്ചു പെണ്‍മക്കളും രണ്ടു ആണ്‍മക്കളുമായിരുന്നു. ദക്ഷിണ റെയില്‍വേയില്‍ ജോലി ചെയ്തിരുന്ന അച്ഛന് കുറച്ചു നാള്‍ തൂത്തുക്കുടിയിലായിരുന്നു ജോലി. അഞ്ചു പെണ്‍മക്കളെക്കണ്ട് അന്നവിടെ വീട്ടു പണിക്കു വന്ന സ്ത്രീ പറഞ്ഞിരുന്നു – അഞ്ചു പെണ്‍മക്കളാണെങ്കില്‍ എത്ര ധനികനും പിച്ചക്കാരനായി പോകുമെന്ന്. പെണ്‍കുട്ടികളെന്ന ആധിയില്‍ മൂത്ത ചേച്ചിമാരെ പഠിത്തം പൂര്‍ത്തിയാകുന്നതിനു മുന്‍പു തന്നെ കല്യാണം കഴിച്ചയച്ചു. അതുകൊണ്ട് അവരുടെ കല്യാണം കഴിഞ്ഞ് കുറച്ചു ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നു. സ്ത്രീകളുടെ വിദ്യാഭ്യാസ യോഗ്യതയും ആവശ്യമെങ്കില്‍ ജോലിയുള്ളതും അവരെ കൂടുതല്‍ സുരക്ഷിതരാക്കുമെന്ന് അമ്മ മനസ്സിലാക്കിയിരുന്നു. അവരുടെ വരുമാനം കുടുംബത്തിന് സാമ്പത്തിക ഭദ്രത ഉണ്ടാക്കുമെന്നും.

മൂന്നാമത്തെ ചേച്ചിയുടെ കല്യാണം 14-ാമത്തെ വയസില്‍ നടത്തേണ്ടി വന്നു. അങ്ങനെ ജീവിതം എന്തെന്നു ചിന്തിച്ചു തുടങ്ങുന്നതിനു മുന്‍പേ തന്നെ പുകയുടെ നാലു ചുവരുകള്‍ക്കുള്ളിലേക്ക് എടുത്തെറിയപ്പെട്ടു. മൂന്നാമത്തെയാളുടെ കല്യാണം കഴിഞ്ഞ് മൂത്ത ചേച്ചിമാരെ നിര്‍ത്തിക്കൊണ്ടു നില്‍ക്കുന്നത് നാട്ടു നടപ്പല്ലല്ലോ. അങ്ങനെ രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴേക്കും അവരുടെ പഠിത്തത്തിനും ഫുള്‍സ്റ്റോപ്പിട്ടു. അവരുടെ കല്യാണവും നടത്തി. രണ്ടു പേരുടെയും കല്യാണം ഒരേ ദിവസമായിരുന്നു. അവര്‍ക്കൊക്കെ 2-3 കുട്ടികളായപ്പോഴേക്കും അവരുടെയും ഞങ്ങളുടെയും ജീവിത നിലവാരത്തിന്‍റെയും സാമ്പത്തിക ഭദ്രതയുടെയും സൂചിക താഴേക്കിറങ്ങാന്‍ തുടങ്ങി.

അമ്മയുടെ ആത്മഗതം പലപ്പോഴും ഉച്ചത്തിലായിട്ടുണ്ട്. “അന്നത്തെ പത്താം ക്ലാസ് ഇന്നത്തെ ഡിഗ്രിയെക്കാളും മുകളിലായിരുന്നു. സ്ക്കൂളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ ജോലി കിട്ടിയതാണ്. അപ്പൂപ്പനും നിന്‍റെ അച്ഛനും സമ്മതിച്ചില്ല. കുടുംബത്തിന്‍റെ അന്തസ്സ് കുറഞ്ഞു പോകുമെന്നും പറഞ്ഞ്.” (സ്ക്കൂളിനു വേണ്ടി എന്‍ എസ് എസിനു സ്ഥലം കൊടുത്തത് അമ്മയുടെ അപ്പൂപ്പന്‍ ചിറ്റേട്ടെ ആശാനാണ്.)

അപ്പോഴേക്കും എന്‍റെ നാലാമത്തെ ചേച്ചിയായ മണിചേച്ചി (ചന്ദ്രമതിയമ്മ) പത്താം ക്ലാസ് ജയിച്ചു. മാര്‍ക്ക് കുറച്ചു കുറവായിരുന്നു. അപ്പോള്‍ എല്ലാവരും ഇനി മുന്നോട്ടു പഠിപ്പിക്കണ്ട, കല്യാണം കഴിച്ചയയ്ക്കാം എന്നു പറഞ്ഞു. പക്ഷേ , അമ്മ അതിനെ നഖശിഖാന്തം എതിര്‍ത്തു. “എനിക്ക് മൂത്ത മക്കളെയോ എന്‍റെയാഗ്രഹ പ്രകാരം പഠിപ്പിക്കാന്‍ പറ്റിയില്ല. കോളജില്‍ അഡ്മിഷന്‍ കിട്ടുകയാണെങ്കില്‍ മണിച്ചിയേ പഠിപ്പിച്ചേ പറ്റുകയുള്ളൂ.” ഞാനാദ്യം കണ്ട സ്ത്രീ ശാക്തീകരണ പോരാട്ടമായിരുന്നു അത്.

മണിചേച്ചിക്ക് കോളജില്‍ അഡ്മിഷന്‍ കിട്ടി. പ്രീഡിഗ്രിക്ക് ഡിസ്റ്റിംഗ്ഷന്‍ വാങ്ങിയാണ് പാസ്സായത്. തുടര്‍ന്ന് സ്പെഷ്യല്‍ ബി എസ് സി ഫിസ്ക്സ് എടുത്തു പഠിച്ചു. പിന്നെ എംഎയും എംബിഎയും ചെയ്തു. സ്റ്റഡി ലീവ് ആയാല്‍ മണി ചേച്ചി തുടര്‍ച്ചയായി ഇരുന്നു പഠിക്കുമായിരുന്നു. എനിക്കും പഠിക്കാനുള്ള പ്രചോദനം കിട്ടിയത് അങ്ങനെയാണ്.

നാലു വ്യാഴവട്ടക്കാലം തിരക്കില്‍ നിന്നു തിരക്കിലേക്കുള്ളതായിരുന്നു അമ്മയുടെ ജീവിതം. റെയില്‍വേയില്‍ ഉദ്യോഗത്തിലിരുന്ന, അങ്ങേയറ്റം കൃത്യനിഷ്ഠയും ചിട്ടയുമുള്ള ഭര്‍ത്താവ് . 15-20 വര്‍ഷത്തോളം അദ്ദേഹം പഞ്ചായത്ത് പ്രസിഡന്‍റായിരുന്നപ്പോഴുള്ള തിരക്ക് വേറെ. മക്കള്‍, കൊച്ചു മക്കള്‍, പറമ്പിലും പാടത്തും പണിയുന്നവരുടെ ഭക്ഷണകാര്യം, തൊഴുത്തിലെ അഞ്ചാറു പശുക്കള്‍…ഒരു തറവാടിന്‍റേതായ പൂജകള്‍, ഭജനകള്‍, രാമായണ ഭാഗവത പാരായണങ്ങള്‍….

സഹായിക്കാന്‍ ആള്‍ക്കാരുണ്ടെങ്കിലും, വെളുപ്പിനെ നാലര മണി മുതല്‍ രാത്രി ഒന്‍പത്- ഒന്‍പതര വരെയുള്ള അന്തമില്ലാത്ത ജോലികള്‍… അതിനിടെ തീരാ ദുഃഖമായി മൂത്ത മകന്‍റെ ( എന്‍റെ മൂത്ത സഹോദരന്‍റെ) 24 -ാമത്തെ വയസിലെ മരണം. അമ്മയും ഞങ്ങളും അതിനെ എങ്ങിനെ തരണം ചെയ്തുവെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. അടിയുറച്ച ഈശ്വര വിശ്വാസമാകാം, കാലത്തിന്‍റെ മാസ്മരികതയാകാം. അമ്മയുടെ ചിരിയും കണ്ണുനീരും കൂടുതല്‍ കണ്ടതും നിശ്വാസങ്ങള്‍ ഏറ്റു വാങ്ങിയതും അടുക്കളയായിരിക്കും. തറവാട്ടിലെ സാമ്പത്തിക നില ഉയരുന്നത് കാണാനും അമ്മയ്ക്ക് കഴിഞ്ഞു. തങ്കമ്മ ഇച്ചേ യിയുടെ അടുത്ത് ഏതു സമയത്തു വന്നാലും ഭക്ഷണം കഴിക്കാൻ ലഭിക്കുമെന്ന് ബന്ധുക്കളുടെയും അയൽക്കാരുടെയും ഇടയിൽ സംസാരമുണ്ടായിരുന്നു.

1995 നവംബറില്‍ അച്ഛന്‍ മരിച്ച ശേഷം അമ്മയുടെ കടമയും കര്‍ത്തവ്യങ്ങളും തീര്‍ന്നുവെന്ന മട്ടായി. പക്ഷേ, ഞങ്ങള്‍ മക്കള്‍ക്ക് താങ്ങും തണലുമായി ആറു വര്‍ഷം കൂടെ അമ്മ ജീവിച്ചു.

ഞാന്‍ ചെല്ലുമ്പോഴൊക്കെ എന്നോടു പറയുമായിരുന്നു “ഇനി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത് എന്നെ കൂടുതല്‍ നാള്‍ കിടത്തരുതെന്നാണ്” എന്ന്. ഉത്തരായനത്തില്‍ മരിക്കണമെന്ന് അമ്മ ആശിച്ചിരുന്നു. കിടത്തരുത് എന്ന ആഗ്രഹം ദൈവം സാധിച്ചു കൊടുത്തു. സ്ട്രോക്ക് വന്നതിനു ശേഷം ഒരു വര്‍ഷം കൂടി ജീവിച്ചിരുന്നു. മരിക്കുന്ന അന്നു വരെയും ഇരിക്കാന്‍ സാധിച്ചിരുന്നു.

ഉത്തരായനത്തില്‍ മരിക്കുന്നവരും ദക്ഷിണായനത്തില്‍ മരിക്കുന്നവരും രണ്ടിടത്തേക്കാണോ പോകുന്നതെന്ന് ഈശ്വരനല്ലേ അറിയൂ. അതുകൊണ്ടായിരിക്കാം അച്ഛന്‍റെ കൂടെ പോകട്ടെ എന്നനുഗ്രഹിച്ച്, ദക്ഷിണായനത്തില്‍ അച്ഛന്‍ മരിച്ച അതേ മാസം തന്നെ അമ്മയും മരിക്കാന്‍ ഇടയായത്. 2001 നവംബറില്‍ 84-ാമത്തെ വയസില്‍ അമ്മ ഈശ്വരനില്‍ വിലയം പ്രാപിച്ചു എന്നു പറയാനാണെനിക്കിഷ്ടം.

latest blogs

about

DR Chitrathara K

HOD & Senior Consultant in Surgical & Gynaec Oncology. VPS Lakeshore Kochi
Specialized in gynecological, urological, and breast cancer surgeries.

  • Actively participated in the development of surgical oncology as a separate speciality in Kerala
  •  First lady Urologist of Kerala.
  • Started Kerala's first Gynaecological Cancer Surgery unit at Regional Cancer Centre, Thiruvananthapuram in 1993 & urological oncology in 2009.
  • Authored malayalam book “ Sthreekalile Arbudam-Ariyendathellam” published in 2014 by DC books
  • Editor of the following books - Ovarian Cancer (2008), Cervical cancer (2010) and Uterine Cancer (2015).

know MORE