നിര്‍വൃതിയുടെ നിമിഷം!!! 

(അര്‍ബുദം വരുത്തിയ സാമ്പത്തിക ക്ലേശത്തെ സ്വയംതൊഴിലിലൂടെ നേരിട്ട വീട്ടമ്മ)

ഇന്ന്, ഈ മേയ്ദിനത്തില്‍ എന്‍റെ മനസിലേക്ക് വരുന്നത് റോസമ്മയാണ്. അപ്രതീക്ഷിതമായി വന്ന സ്തനാര്‍ബുദ ചികിത്സയ്ക്കിടയില്‍ വന്ന വന്‍ സാമ്പത്തിക ക്ലേശത്തെ നേരിട്ട്, സ്വയംതൊഴിലിലൂടെ വിജയിച്ച ഒരു വീട്ടമ്മ. സ്വന്തം വീടും ചുറ്റുപാടും സാഹചര്യങ്ങളും ഉപയോഗിച്ചു തന്നെ കോട്ടങ്ങള്‍ നേട്ടങ്ങളാക്കിയ ഇവരുടെ മാതൃക എല്ലാ സ്ത്രീകള്‍ക്കും ഒരു പ്രചോദനമാണ്….

അടുത്ത സര്‍ജറിക്കുവേണ്ടിയുള്ള തയാറെടുപ്പിലായിരുന്നു അന്നു ഞാന്‍. അപ്പോഴാണ് എന്‍റെ മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടത്. സ്ക്രീനില്‍ ഒ.പി സിസ്റ്റര്‍ ലീബയുടെ പേര് തെളിഞ്ഞു. സഹപ്രവര്‍ത്തകര്‍ ഫോണ്‍ എടുത്തു.
“ഒ.പിയില്‍ റോസമ്മ വന്നിട്ടുണ്ട്. മാഡത്തിനെ ഒന്നു കാണണമെന്നു പറഞ്ഞു. തുടര്‍ പരിശോധനയ്ക്കു വന്നതല്ല. ഇടയ്ക്കു സമയം കിട്ടുമ്പോള്‍ കണ്ടാല്‍ മതി. വെയ്റ്റ് ചെയ്യാം എന്നു പറഞ്ഞു.”

“ഈ സര്‍ജറി കഴിഞ്ഞ് വരാ”മെന്നു സഹപ്രവര്‍ത്തകര്‍ വഴി മറുപടി നല്‍കി.

പെട്ടെന്ന് റോസമ്മയുടെ രൂപം എന്‍റെ മനസിലേക്ക് വന്നു. അഞ്ചു വര്‍ഷം മുന്‍പ് സ്തനാര്‍ബുദ ശസ്ത്രക്രിയ നടത്തിയയാളാണ് റോസമ്മയെന്ന വീട്ടമ്മ. സമ്പാദ്യങ്ങളൊന്നുമില്ലെങ്കിലും ഭര്‍ത്താവ് ജോയിയുടെ വരുമാനം ആ കൊച്ചുകുടുംബത്തിന് ജീവിക്കാന്‍ ധാരാളമായിരുന്നു. മക്കള്‍ രണ്ടു പേരും പഠിക്കുകയാണ്.
സ്തനത്തില്‍ ഒരു കല്ലിപ്പു പോലെ തോന്നിയ റോസമ്മ അധികം വൈകാതെ തന്നെ എന്നെക്കാണാന്‍ ലേക്ക്ഷോറിലെത്തി. മുഴ കാന്‍സറാണെന്നു സ്ഥിതീകരിക്കുകയും സര്‍ജറി നിര്‍ദേശിക്കുകയും ചെയ്തു. സ്തനത്തില്‍ കണ്ട മുഴ അവരുടെ സ്വസ്ഥത കെടുത്തിയത് സ്വാഭാവികം തന്നെയായിരുന്നു. എന്നാല്‍ അതിനു വേണ്ടി വരുന്ന സാമ്പത്തിക ബാധ്യതകള്‍ അവരുടെ ഉറക്കം തന്നെ കെടുത്തിയിരുന്നു. അത് അവര്‍ എന്നോട് പങ്കുവയ്ക്കുകയും ചെയ്തു. സര്‍ജറിക്കുവേണ്ട 15000 രൂപ ഗൈനക്ക് ഓങ്കോകെയര്‍ സൊസൈറ്റിയുടെ ചാരിറ്റബിള്‍ ഫണ്ടില്‍ നിന്നും നല്‍കുകയും ചെയ്തു. പിന്നീട് തുടര്‍ പരിശോധനകള്‍ക്കായി ഇടയ്ക്കിടെ വരും. സന്തോഷമായിട്ടു തന്നെയാണ് എപ്പോഴും കാണപ്പെട്ടിരുന്നത്. എല്ലാ വിവരങ്ങളും ചോദിച്ചറിയാവുന്ന സമയവും സൗകര്യവും ഒ.പിയില്‍ കുറവായിരുന്നു. എന്തിനായിരിക്കും ഇന്ന് അവര്‍ വന്നത്..? എന്തേലും സാമ്പത്തിക പ്രശ്നമുണ്ടാകുമോ…?

സര്‍ജറി ദീവസങ്ങളില്‍ അത്യാവശ്യമുള്ളവരെക്കാണാന്‍തീയറ്ററിനു സമീപം ഒരു മുറിയുണ്ട്. സര്‍ജറി കഴിഞ്ഞ് ഞാന്‍ ആ മുറിയിലേക്ക് ചെന്നു. റോസമ്മ അവിടേക്ക് വന്നിട്ടുണ്ടായിരുന്നു.

“നാളെ ഞങ്ങളുടെ വിവാഹ വാര്‍ഷികമാണ്. ജോയിക്കായിരുന്നു നിര്‍ബന്ധം ഇന്നു തന്നെ മാഡത്തിനെ കാണണമെന്ന്. ഞാന്‍ ഒരു ചെറിയ തുകയുടെ ചെക്ക് കൊണ്ടു വന്നിട്ടുണ്ട്. ഞങ്ങളെപ്പോലെ അത്യാവശ്യമുള്ളവര്‍ക്ക് സഹായം ചെയ്തുകൊടുക്കാനാണ്. മാഡം ചെയ്ത സഹായം അന്നു ഞങ്ങള്‍ക്ക് എത്ര വലുതായിരുന്നുവെന്നോ.”

25000 രൂപയുടെ ചെക്കായിരുന്നു അത്. “ഇത് ചെറിയ തുക ഒന്നുമല്ലല്ലോ. അല്ലെങ്കിലും 10 രൂപയാണെങ്കിലും അത് തരുന്നവരുടെ മനസ്സിന്‍റെ വലിപ്പമാണ് ഞാന്‍ കാണുന്നത്.”

അപ്പോഴാണ് അവരുടെ ചികിത്സ കഴിഞ്ഞുള്ള കാലഘട്ടത്തെക്കുറിച്ച് പറയുന്നത്. അവര്‍ ഒരു കോളജിനടുത്താണ് താമസിക്കുന്നത്. ആദ്യം അവര്‍ക്കുള്ള രണ്ടു കിടപ്പുമുറികളിലൊന്ന് പേയിംഗ് ഗസ്റ്റുകള്‍ക്കായി കൊടുത്തു തുടങ്ങി. അത് വിജയമെന്നു കണ്ടതോടെ രണ്ടാം നില പണിതു. പിന്നീട് അടുത്തു രണ്ടു മൂന്നു മുറികള്‍ കൂടി പണിതു. ഇപ്പോള്‍ ആവശ്യത്തിനു ബാങ്ക് ബാലന്‍സായി.

“ഒത്തിരിപ്പേരെ പരിചയപ്പെടാന്‍ ഇതു വഴി കഴിഞ്ഞു. നല്ല ഭക്ഷണം കൊടുക്കുന്നതുകൊണ്ട് എല്ലാവര്‍ക്കും നല്ല സ്നേഹമാണ്. എല്ലാം ദൈവ നിശ്ചയം. എനിക്ക് നല്ല സന്തോഷവും മനഃസമാധാനവും ഉണ്ട് ഡോക്ടര്‍.” ജോയിയും അതിനോട് യോജിച്ചു.

എനിക്ക് അടുത്ത സര്‍ജറിക്കു സമയമായി. രണ്ടു മാസം കഴിഞ്ഞ് തുടര്‍ പരിശോധനകള്‍ക്കു വരുമെന്നു പറഞ്ഞ് അവര്‍ എഴുന്നേറ്റു.

റോസമ്മയെക്കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനം തോന്നി..! എല്ലാ സ്ത്രീകളും ഇതുപോലെ ചിന്തിച്ചിരുന്നെങ്കില്‍ എല്ലാവര്‍ക്കും അഭിമാനത്തോടെ സ്വന്തം കാലില്‍ നില്‍ക്കാമായിരുന്നു. സമാധാനവും സന്തോഷവുമുള്ള കുടുംബങ്ങള്‍ പടുത്തുയര്‍ത്താമായിരുന്നു.

എല്ലാവര്‍ക്കും മേയ്ദിനാശംസകള്‍!!!

 

latest blogs

about

DR Chitrathara K

HOD & Senior Consultant in Surgical & Gynaec Oncology. VPS Lakeshore Kochi
Specialized in gynecological, urological, and breast cancer surgeries.

  • Actively participated in the development of surgical oncology as a separate speciality in Kerala
  •  First lady Urologist of Kerala.
  • Started Kerala's first Gynaecological Cancer Surgery unit at Regional Cancer Centre, Thiruvananthapuram in 1993 & urological oncology in 2009.
  • Authored malayalam book “ Sthreekalile Arbudam-Ariyendathellam” published in 2014 by DC books
  • Editor of the following books - Ovarian Cancer (2008), Cervical cancer (2010) and Uterine Cancer (2015).

know MORE