‘O’vary is ‘O’ worry

കാന്‍സര്‍ നിര്‍ണയ ക്യാമ്പും തുടര്‍ ചികിത്സയും ബ്ലോക്കുതല സര്‍ക്കാര്‍ പദ്ധതിയാണ്. ഡിസംബര്‍ 27ന് വെളിയനാട് വച്ച് ഇത്തരത്തിലൊരു സമ്മേളനവും ക്യാമ്പും ഉണ്ടായിരുന്നു. അതില്‍ കാന്‍സര്‍ ബോധവത്ക്കരണ ക്ലാസ് എടുക്കാന്‍ വേണ്ടിയാണ് ശ്രീ. വേണുഗോപാല്‍ എന്നെ സമീപിച്ചത്. ജോയിന്‍റ് ബിഡിഒ ആണ് വേണുഗോപാല്‍. എന്‍റെ സഹോദരന്‍ രാജാ രേവതീജന്‍ നായര്‍ വഴിയാണ് ആ പരിപാടിയില്‍ പങ്കെടുക്കാനുള്ള എന്‍റെ സൗകര്യം അന്വേഷിച്ചത്. ശ്രീ. വേണുഗോപാല്‍ ആവശ്യപ്പെട്ടതനുസരിച്ച് മല്ലപ്പള്ളിയില്‍ ഇതുപോലൊരു സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ആറു മാസം മുന്‍പ് ഞാന്‍ പോയിരുന്നു. ആ പരിപാടിയിലേക്ക് എന്നെ കൂട്ടാന്‍ വന്നതും വേണുഗോപാലായിരുന്നു.

ഈ പദ്ധതിയെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ഞാന്‍ ചോദിച്ചറിയുകയായിരുന്നു. കാന്‍സര്‍ ബോധവത്ക്കരണവും കാന്‍സറിന്‍റെ നേരത്തേയുള്ള കണ്ടെത്തലും സര്‍ക്കാരിന്‍റെ നടപടിക്രമങ്ങളില്‍ ഉള്ളതാണുപോലും. അത് ഏറ്റെടുത്തു നടത്താനും പ്രാവര്‍ത്തികമാക്കാനും പ്രതിബദ്ധതയുള്ള സര്‍ക്കാര്‍ ജീവനക്കാരു വേണം. പല പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ക്കും അതുമായി ബന്ധപ്പെട്ട തലപ്പത്തും താഴെയുമുള്ള ജീവനക്കാര്‍ക്കും ആഗ്രഹവും താല്പര്യവുമുണ്ടെങ്കിലും സര്‍ക്കാര്‍ വ്യവസ്ഥയിലെ ചില നൂലാമാലകള്‍ കാരണം പലരും മുന്നോട്ടു വരാന്‍ മടിക്കുകയാണ്. ഈ സംരംഭത്തെ വിജയിപ്പിക്കാന്‍ മുന്നോട്ടു വന്ന എല്ലാവരെയും പ്രത്യേകിച്ച് ഡോക്ടര്‍മാരായ അന്നപൂര്‍ണയെയും അനില്‍ കുമാറിനെയും ഞാന്‍ നന്ദിപൂര്‍വം സ്മരിക്കുകയാണ്.

ഈ പദ്ധതിയിലേക്ക് തന്നെ വലിച്ചടുപ്പിച്ച സംഭവം വേണുഗോപാല്‍ എന്നോട് പറഞ്ഞു.

ഞങ്ങള്‍ മക്കളെല്ലാം പച്ചപിടിച്ചപ്പോഴേയ്ക്കും അമ്മയങ്ങു പോയി. അദ്ദേഹത്തിന്‍റെ കണ്ഠമിടറി; വാക്കുകള്‍ നനഞ്ഞപോലെ തോന്നി. ഒരു നിമിഷത്തിനു ശേഷം തുടര്‍ന്നു. വയറില്‍ വെള്ളം കെട്ടിയിരുന്നു. അമ്മ മെലിയുകയും വല്ലാതെ ക്ഷീണിതയാവുകയും ചെയ്തു. അടുത്തുള്ള പല ആശുപത്രികളിലും മാറി മാറി കാണിച്ചു. കരള്‍ സിറോസിസ് എന്നായിരുന്നു നിഗമനം. അങ്ങനെ വിലപ്പെട്ട 5 – 6 മാസങ്ങള്‍ കടന്നു പോയി. പിന്നീട് എറണാകുളത്ത് ഡോ. ഫിലിപ്പ് അഗസ്റ്റിന്‍റെ പരിശോധനകളിലൂടെയാണ് രോഗം അണ്ഡാശയ കാന്‍സറാണെന്നും അവസാനഘട്ടമെത്തിയെന്നും സ്ഥിതീകരിച്ചത്.

ചികിത്സയൊന്നും കാര്യമായി ചെയ്യാനില്ലായിരുന്നു. അധികം താമസിയാതെ അമ്മ മരിച്ചു. അന്നുതൊട്ടേ ഈ രോഗം ആദ്യഘട്ടത്തില്‍ കണ്ടുപിടിക്കാനും ചികിത്സ ചെയ്യാനുമുള്ള കാര്യങ്ങള്‍ ചെയ്യണമെന്നു തോന്നിത്തുടങ്ങിയിരുന്നു. അമ്മയുടെ പേരില്‍ ഒരു ചാരിറ്റബിള്‍ സൊസൈറ്റി ഉണ്ടാക്കി. അതിലേക്ക് പണശേഖരവും സര്‍ക്കാര്‍ ഗ്രാന്‍റുമൊക്കെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടായി. അപ്പോഴാണ് ദൈവം തുറന്നു തന്ന ഒരു മാര്‍ഗമായി ഈ പദ്ധതിയെക്കണ്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. വേണുഗോപാലിന്‍റെ വാക്കുകളില്‍ ആത്മാര്‍ത്ഥത നിറഞ്ഞു നിന്നു.

“മാഡം…അണ്ഡാശയ കാന്‍സറിന് ഇപ്പോള്‍ നല്ല ചികിത്സയൊക്കെയുണ്ടല്ലേ? സുഖപ്പെടുത്താന്‍ പറ്റുമോ? ” വേണുഗോപാല്‍ എന്നോട് ചോദിച്ചു.

പ്രാരംഭ ദശയിലേ കണ്ടുപിടിച്ചാല്‍ സുഖപ്പെടുന്ന ഒന്നാണ് അണ്ഡാശയ കാന്‍സറും. പക്ഷേ അങ്ങനെ കണ്ടുപിടിക്കാന്‍ ഇന്നും പറ്റുന്നില്ല എന്നതാണ് സത്യം.

വേണുവിന്‍റെ അമ്മ മരിച്ചിട്ട് ഏകദേശം 25 വര്‍ഷമായി. ഇപ്പോഴും ഭൂരിഭാഗം രോഗികളും വേണുവിന്‍റെ അമ്മയുടെ അവസ്ഥയില്‍ തന്നെയാണ്. കണ്ടുപിടിക്കപ്പെടുന്നത് എന്നുള്ള യാഥാര്‍ത്ഥ്യം ഓര്‍ത്ത് എനിക്കു തന്നെ ദുഃഖം തോന്നി. കുറെ കീമോതെറാപ്പി മരുന്നുകള്‍ കൂടുതലായി കണ്ടുപിടിച്ചിട്ടുണ്ട്. അതുകൊണ്ട് രോഗം നിയന്ത്രിച്ചു പോകാം. അങ്ങനെ പ്രമേഹം, രക്തസമ്മര്‍ദ്ദം മുതലായ അസുഖങ്ങളെപ്പോലെ ഇതും ക്രോണിക്ക് ഡിസീസ് ആയിട്ടാണ് ഇപ്പോള്‍ നിര്‍വചിച്ചിരിക്കുന്നത്.

Ca 125 എന്ന രക്ത പരിശോധനയും അള്‍ട്രാസൗണ്ട് സ്‌ക്കാനിംഗുമാണ് ഈ കാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍. ഈ പരിശോധനകളുടെ കൃത്യതയും ചെലവു കുറയ്ക്കലും അതിന്‍റെ പൂര്‍ണതയിലായിട്ടില്ലാത്തതിനാല്‍ എല്ലാവരിലും ഇത് പ്രയോഗിക്കുന്നത് പ്രായോഗികമല്ല എന്നാണ് ശാസ്ത്രം പറയുന്നത്.

പാരമ്പര്യമായി സ്തനാര്‍ബുദമോ അണ്ഡാശയ കാന്‍സറോ ഉള്ളവര്‍ക്ക് 6 മാസത്തിലൊരിക്കലോ വര്‍ഷം തോറുമോ ഈ പരിശോധനകള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Ca 125 ചില അണ്ഡാശയ കാന്‍സറുകളില്‍ കൂടാറില്ല. ഇതിന്‍റെ സാധാരണ മൂല്യം 35 u/ml ആണ്. അതുകൊണ്ട് തുടര്‍ച്ചയായ ഇടവേളകളില്‍ Ca 125 പരിശോധന നടത്തണമെന്നാണ് വിദഗ്ദ നിര്‍ദേശം. ഓരോരുത്തരുടെയും സാധാരണ ലവല്‍ വ്യത്യസ്ഥമായിരിക്കും. ചിലര്‍ക്ക് 4 u/ml ആണെങ്കില്‍ മറ്റു ചിലര്‍ക്ക് 10 u/ml ആയിരിക്കും മറ്റു ചിലരിലിത് 40 u/ml ആകാം. അവരവരുടെ സാധാരണ ലവലില്‍ നിന്ന് പെട്ടെന്ന് കൂടുകയാണെങ്കില്‍ അത് ജാഗ്രതയോടെ നോക്കിക്കാണണം.

ഇത് പരീക്ഷിക്കുന്നതില്‍ തെറ്റില്ലായെന്ന് അശരണരായ അണ്ഡാശയ കാന്‍സര്‍ രോഗികളുടെ പരിതാപകരമായ അവസ്ഥ കാണുമ്പോള്‍ തോന്നാറുണ്ട്. അള്‍ട്രാസൗണ്ട് സ്ക്കാനിംഗും ഒപ്പം വേണം. 45 വയസിനു ശേഷം ഗര്‍ഭപാത്രം മാറ്റുന്നവര്‍ അണ്ഡാശയങ്ങള്‍ മാറ്റാതിരിക്കുന്നത് വളരെ ആലോചിച്ചെടുക്കേണ്ട ഒരു തീരുമാനമാണ്.

‘O’vary is ‘O’ worry തന്നെയാണ്.

# Dr. Chitrathara

latest blogs

about

DR Chitrathara K

HOD & Senior Consultant in Surgical & Gynaec Oncology. VPS Lakeshore Kochi
Specialized in gynecological, urological, and breast cancer surgeries.

  • Actively participated in the development of surgical oncology as a separate speciality in Kerala
  •  First lady Urologist of Kerala.
  • Started Kerala's first Gynaecological Cancer Surgery unit at Regional Cancer Centre, Thiruvananthapuram in 1993 & urological oncology in 2009.
  • Authored malayalam book “ Sthreekalile Arbudam-Ariyendathellam” published in 2014 by DC books
  • Editor of the following books - Ovarian Cancer (2008), Cervical cancer (2010) and Uterine Cancer (2015).

know MORE